മാതൃഭൂമിയുടെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെ ഹിന്ദുവിൻറെ ധർമ്മയുദ്ധം തുടങ്ങണം
• സ്വാമി വിജേന്ദ്രപുരി
ഓം തത് സത്
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മീശ എന്ന ഒരു പേരിൽ ഒരു നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് വിവാദമായിരിക്കുകയാണ് .കേരളത്തിലെ ഹൈന്ദവരായ അമ്മമാരെയും പെങ്ങന്മാരെയും അടച്ചാക്ഷേപിച്ച ഒരു ലേഖനം വളരെ നിരുത്തരവാദപരമായി മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി.ഒരു പരിഷ്കൃതസമൂഹത്തിന് ലജ്ജ തോന്നുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് പൊതുസമൂഹത്തിലേക്ക് ഇറക്കിവിട്ടിരിക്കുന്നത് .ഹിന്ദുവിരുദ്ധരായ മാതൃഭൂമിയും മറ്റും ഹൈന്ദവരായ നമ്മളെ ഇത്രമാത്രം തരം താഴ്ത്തുമ്പോഴും ആ അധിക്ഷേപത്തെ നമ്മൾ തലകുനിച്ചു സ്വീകരിക്കുന്ന രീതി ഇനിയെങ്കിലും ഹൈന്ദവരായ നമ്മൾ മാറ്റേണ്ടതായിട്ടുണ്ട് . ഭൂരിപക്ഷസമൂഹമെന്ന് മുഖ്യധാരയിൽ അറിയപ്പെടുന്ന ഹിന്ദു സമൂഹത്തിന് പത്രം വിറ്റു ആ സമൂഹത്തിന്റെ പണം കൊണ്ട് കെട്ടിപ്പടുത്ത ഒരു മുൻനിര മാധ്യമ സ്ഥാപനം ഇന്നിപ്പോൾ പടർന്നു പന്തലിച്ചു പണവും അധികാരവും അധികാരസ്ഥാനങ്ങളിൽ ഉള്ള ഉന്നതരുമായി ഉള്ള ബന്ധങ്ങളും നേടി ശക്തരായപ്പോൾ അതേ സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാതെ കണ്ടു ഈ ജനത ഇത്ര മാത്രം തലകുനിച്ചു നില്കുന്നത് കണ്ടു നമുക്ക് വേദനയുണ്ട് .ഇപ്പോൾ ബഹുമാന്യനായ എൻ.എസ്.എസ്സിന്റെ ജനറൽ സെക്രട്ടറിയും സമാരാധ്യരായ എല്ലാ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ നേതാക്കളും ശക്തമായി എതിർപ്പ് അറിയിച്ചു .അതിനെ തുടർന്ന് ഹിന്ദു സമൂഹം ശക്തമായി പ്രതികരിക്കുന്നുണ്ട് .ഇതിന് മറുപടിയായി ചെയ്ത തെറ്റിൽ ലവലേശം പശ്ചാത്താപം ഇല്ലാതെ അഹങ്കാരത്തിൻ്റെ ഭാഷ ഉപയോഗിച്ച മാതൃഭൂമിയെ നന്മയുടെ മാർഗ്ഗത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ മഹാത്മജി , അരവിന്ദമഹർഷിയും മറ്റും പണ്ട് ദുഷ്ടന്മാരായ ബ്രിട്ടീഷ് രാക്ഷസന്മാരോട് എടുത്ത അഹിംസയിൽ അധിഷ്ഠിതമായ നിസ്സഹകരണമാർഗ്ഗമാണ് ഹിന്ദുക്കൾ അനുഷ്ഠിക്കുന്നത് എന്നത് നമ്മെ സന്തോഷിപ്പിക്കുന്നു.ശക്തമായ സന്ദേശം ഹിന്ദുവിനെ അധിക്ഷേപിക്കുന്ന മ്ലേച്ചന്മാർക്കും ഹിന്ദുവിന്റെ മേൽ കുതിരകയറാൻ വെമ്പുന്ന കപടബുദ്ധിജീവികൾക്കും കൊടുക്കേണ്ടതുണ്ട്. എല്ലാ മനുഷ്യരെയും പോലെ ആത്മാഭിമാനത്തോടെ ജീവിക്കാൻ ഹിന്ദുക്കൾക്കും ഇവിടെ അവകാശമുണ്ട്.നമ്മെ വേദനിപ്പിച്ചപ്പോൾ ഇപ്പോൾ ഉണർന്നത് പോലെ ശബരിമല തുടങ്ങിയ പ്രശ്നങ്ങളിൽ ഉണർന്ന് പ്രവർത്തിക്കൂ.ഭാരതത്തിന്റെ സംസ്കൃതിയെ ബഹുമാനിക്കുകയും എല്ലാ മനുഷ്യരെയും ഭേദഭാവമില്ലാതെ കാണുന്ന ഹൈന്ദവരായ നമുക്ക് വർഗീയവാദി എന്ന പേര് ചാർത്തിത്തരുമ്പോൾ ഭാരതത്തിന്റെ സഹിഷ്ണുത കാത്തുസൂക്ഷിക്കുകയും എല്ലാ മതങ്ങളോടും സാഹോദര്യം കാത്തുസൂക്ഷിക്കുന്ന നമ്മളല്ല വർഗീയവാദി എന്നും നമ്മെ അധിക്ഷേപിക്കുമ്പോൾ വാ പിളർന്ന് നമുക്ക് വേണ്ടി ഒരക്ഷരം മിണ്ടാനില്ലാത്ത മൗനിബാബകളായ രാഷ്ട്രീയക്കാരെയും സാംസ്കാരിക നായകന്മാരെയും മനസ്സിലാക്കിക്കുക.